Thursday, March 4, 2010

മൊബൈൽ/ ഇന്റർനെറ്റ്‌ ദുരുപയോഗം : രക്ഷിതാക്കൾ ശ്രദ്ധിക്കാൻ...

ഇത്‌ പലരും വെറുതെ വായിച്ചു തള്ളുന്ന വാർത്തകളിലൊന്ന്! എന്നാൽ
വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ടതും വിലയിരുതേണ്ടതുമായ ഒരു വിഷയമാണിത്‌.

കേരളത്തിൽ വിദ്യാർത്ഥിനികൾക്കിടയിൽ കൂടി വരുന്ന ആത്മഹത്യക്കു കാരണം ഇത്തരം മൊബൈൽ
, ഇന്റർനെറ്റ്‌, ഡിജിറ്റൽ കാമറ... എന്നിവയുടെ ദുരുപയോഗമാണ്.
ചതികളിൽ പെടുന്നതിനു പുറമെ പലപ്പോഴും തമാശക്കായി പരസ്പരം അറിഞ്ഞു കൊണ്ടു
തന്നെയെടുക്കുന്ന
ചില രംഗങ്ങൾ ബ്‌ളൂടൂത്ത്‌ വഴി കൈമാറപ്പെടുകയും കളി കാര്യമായിമാറപ്പെടുകയും ചെയ്യുന്നു.


തീർത്തും നിർദോഷമെന്ന് കരുതി സാധാരണ രീതിയിൽ നാം എടുക്കുന്ന, നമ്മുടെ സ്ത്രീകളുടെ ഫോട്ടോകൾ നമ്മളറിയാതെ കോപ്പിയെടുത്തു ആധുനിക സാങ്കേതിക വിദ്യകൾ (ദുരു)പയോഗപ്പെടുത്തി ഇന്റർനെറ്റ്‌ മാർക്കറ്റിൽ വിൽപനക്കെത്തുന്ന വളരെ അപകടകരമായ കാര്യം പലർക്കും അറിയില്ല... പുതിയ ഗ്രാഫിക്‌ / മോർഫിംഗ്‌ സോഫ്റ്റുവെയറുകൾ ഉപയോഗിച്ചു മാറ്റം വരുത്തുന്ന ഇത്തരം ചിത്രങ്ങൾ പലപ്പോഴും ഒറിജിനലിനെ വെല്ലുന്നതായിരിക്കും.

Facebook ൽ നിന്നും മറ്റുമൊക്കെയായി പെൺകുട്ടികളുടെ ‘മുഖ’ങ്ങൾ തട്ടിയെടുത്ത്‌ മറ്റ്‌ ഉടലുകളോടു ചേർത്ത്‌ പുതിയ പുതിയ ചിത്രങ്ങൾ നിർമിക്കുകയും ഇന്റർനെറ്റ്‌ ബ്‌ളാക്ക്‌ മാർക്കറ്റിൽ വിൽപന നടത്തുകയും ചെയ്യുന്ന പ്രഫഷണൽ ടീമുകൾ തന്നെയുണ്ട്‌ എന്നറിയുക. ഒരു ‘ഉടൽ’ കൊണ്ടു തന്നെ വിവിധ ചിത്രങ്ങൾ നിർമിക്കാനാവും എന്നതും ‘ഉടലി’ന്റെ ഉടമ തീർത്തും സുരക്ഷിതയായിരിക്കും എന്നതുമാണു ഈ മാഫിയാ
സംഘങ്ങൾക്കുള്ള നേട്ടം. സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇപ്പോഴും പല രാജ്യങ്ങളിലും കർക്കശമല്ലാത്തതും വ്യക്തമായ തെളിവുകളുടെ അഭാവവും ഇത്തരക്കാർക്കു രക്ഷപ്പെടാൻ പഴുതു നൽകുന്നു...


നമ്മുടെ മകളുടെ / സഹോദരിയുടെ മുഖവും മറ്റാരുടേയോ പൂർണ്ണനഗ്ന ശരീരവും
ചേർത്തുണ്ടാക്കിയ ഇത്തരം ചിത്രങ്ങൾ
, ഫീൽഡുമായി ബന്ധമില്ലാതിനാൽ തന്നെ ഒരിക്കൽ പോലും നമ്മൾ ഇത്‌ അറിഞ്ഞു കൊള്ളണമെന്നുമില്ല.

നമ്മുടെ ചില അശ്രദ്ധകൾക്ക്‌ പലപ്പോഴും വലിയ വില നൽകേണ്ടി വരുമെന്നറിയുക...

ഈ വിഷയവുമായി ബന്ധപ്പെട്ടു നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ കൊടുക്കുന്നു:

1- വിദ്യാർത്ഥി/വിദ്യാർത്ഥിനികൾക്കു മൊബൈൽ നൽകാതിരിക്കുക... അത്യാവശ്യമെങ്കിൽ കാമറ, ബ്ല്യൂടൂത്ത്‌ സംവിധാനങ്ങൾ ഇല്ലാത്ത മൊബൈൽ മാത്രം നൽകുക.

2- കുട്ടികളുടെ ഇന്റർനെറ്റ്‌ ഉപയോഗം പരിമിതപ്പെടുത്തുക, എപ്പോഴും കുട്ടികളുടെ കമ്പ്യുട്ടർ / ഇന്റർനെറ്റു ഉപയോഗം അവരറിയാതെ മോണിറ്റർ ചെയ്യാൻ ശ്രദ്ധിക്കുക. അടച്ചിട്ട മുറിയിൽ വെക്കുന്നതിനു പകരം കമ്പ്യുട്ടർ വീട്ടിലെ ഹാൾ പോലുള്ള പൊതുസ്ഥലത്ത്‌ വെക്കുക.

3- കഫേകൾ വഴി ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നതിൽ നിന്നും മക്കളെ വിലക്കുക.

4- ഒരിക്കലും വ്യക്തികളുടെ (പ്രത്യേകിച്ച്‌ സ്ത്രീകളുടെ / പെൺകുട്ടികളുടെ) ചിത്രങ്ങൾ വെബ്‌ സൈറ്റ്‌, ബ്ലോഗുകൾ, സോഷ്യൽ നെറ്റുവർക്കുകൾ തുടങ്ങിയവയിൽ പോസ്റ്റ്‌ ചെയ്യാതിരിക്കുക.

5- സ്ത്രീകളുടെ / പെൺകുട്ടികളുടെ ചിത്രങ്ങൾ മെയിൽ വഴി കൈമാറാതിരിക്കുക.

6- ഡിജിറ്റൽ കാമറ, മൊബൈൽ വഴി എടുത്ത ഫോട്ടോകൾ, സ്റ്റുഡിയോ നെറ്റുകഫേകൾ തുടങ്ങിയവയിൽ നിന്നും പ്രിന്റ്‌ എടുക്കാൻ കൊടുക്കുമ്പോൾ കൂടെ നിൽക്കുകയും നമ്മുടെ സീഡി/ഫ്‌ളാഷ്‌ ഡ്രൈവ്‌... എന്നിവയിൽ നിന്നും അവരുടെ കമ്പ്യുട്ടറിലേക്കു കോപ്പി ചെയ്യുന്നില്ല എന്നു ഉറപ്പ്‌ വരുത്തുക.

7- കമ്പ്യുട്ടർ നന്നാക്കാനോ / അപ്‌ഗ്രേഡ്‌ ചെയ്യാനോ മറ്റോ കടകളിൽ നൽകുന്നതിനു മുമ്പ് ഫോട്ടോകൾ അതിൽ നിന്നും മാറ്റുക. (ഫോട്ടോകളും പ്രധാന വിവരങ്ങളും കമ്പ്യൂട്ടർ ഹാർഡ്‌ ഡിസ്കിൽ സൂക്ഷിക്കുന്നതിനു പകരം ഏതെങ്കിലും എക്സ്റ്റേർണൽ ഡിവൈസിലോ, വേർഡ്‌/ എക്സെൽ ഫയലുകളിൽ പാസ്‌വേർഡ്‌ ഉപയോഗിച്ചു ലോക്ക്‌ ചെയ്തോ സൂക്ഷിച്ചാൽ കുറെയൊക്കെ സുരക്ഷിതമാവും)

8- ഷോപ്പിംഗ്‌ മാളുകളിലും മറ്റുമുള്ള പൊതു ടോയ്‌ലറ്റുകൾ, ലോഡ്ജ്‌/ഹോട്ടൽ മുറികൾ എന്നിവയിൽ രഹസ്യ ക്യാമറകൾ ഉണ്ടാവാനുള്ള സാദ്ധ്യത ശ്രദ്ധിക്കുക.


നമ്മുടെ മക്കളെ / സഹോദരിമാരെ ആത്മഹത്യയിൽ നിന്നും തടയണമെന്നുണ്ടെങ്കിൽ... നമുക്കു നിത്യ അപമാനത്തിൽ നിന്നും രക്ഷ വേണ്ടതുണ്ടെങ്കിൽ കൂടുതൽ ജാഗ്രരാവുക
.

കടക്കെണി എന്ന മരണക്കെണി !

കടക്കെണി എന്ന മരണക്കെണി !


രു മാസത്തോളമായി, ഷാർജയിലെ ഒരാശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഒരാളെ എനിക്കറിയാം. ആത്മഹത്യാ ശ്രമത്തിൽ നിന്നും രക്ഷപ്പെടുത്തി ഗുരുതരാവസ്ഥയിൽ അവിടെ പ്രവേശിപ്പിക്കുകയായിരുന്നു...

സംഭവം ചുരുക്കി പറയാം: അത്യാവശ്യം നല്ല ശമ്പളം ലഭിച്ച്‌ കൊണ്ടിരിക്കുന്ന ജോലിയിലായിരുന്നു അദ്ദേഹം. കിട്ടുന്ന ശമ്പളം കൊണ്ടു തന്നെ അദ്ദേഹത്തിനും കുടുംബത്തിനും സുഖമായി കഴിയാമായിരുന്നു. പലരെപോലെയും അദ്ദേഹത്തിനും ഒരു ബിസിനസ്സ്‌ തുടങ്ങാൻ ആഗ്രഹം... കയ്യിലെ നീക്കിയിരിപ്പു കൊണ്ടുകൊക്കിലൊതുങ്ങുന്നഒരു ബിസിനസ്സ്‌ അല്ല അദ്ദേഹം തുടങ്ങിയത്. അദ്ദേഹത്തിന്റെ നല്ലപോസിഷൻകണ്ടു എത്ര സംഖ്യയും കടം കൊടുക്കാൻ ബാങ്കുകളും സുഹൃത്തുക്കളുംക്യൂനിൽകൂന്നത് അദ്ദേഹത്തിനു കൂടുതൽ പ്രേരണയും പ്രതീക്ഷയും നൽകി... പല ബാങ്കുകളിൽ നിന്നായി കിട്ടാവുന്നിടത്തോളം ലോണുകളും, പല സുഹൃത്തുക്കളിൽ നിന്നും തിരിമറികളും ചെയ്തു അദ്ദേഹം വലിയൊരു ബിസിനസ്സ്‌ സംരംഭം തുടങ്ങി, പക്ഷേ ഏതാനും മാസങ്ങൾ പിന്നിട്ടില്ല, ലോകത്തെ പിടിച്ചുലച്ച സാമ്പത്തിക മാന്ദ്യം ഇദ്ദേഹത്തിന്റെ ബിസിനസ്സിനേയും സാരമായി ബാധിച്ചു...ബിസിനസ്സ്‌ തുടക്കത്തിലെ പൊട്ടി... 2 മില്ല്യൻ ദിർഹമിന്റെ കട ബാധ്യതകൾ തീർക്കാൻ ഇദ്ദേഹം തിരഞ്ഞെടുത്ത (അതിലും പരാചയപ്പെട്ടു​വെങ്കിലും ) മാർഗമായിരുന്നു ആത്മഹത്യാ ശ്രമം.

ഈ സംഭവം കേൾക്കുമ്പോൾ ആർക്കും പുതുമ തോന്നണമെന്നില്ല, ഓരോരുത്തർക്കും അറിയുന്ന ഇതു പോലെയുള്ള വിവിധ സംഭവങ്ങളുണ്ടാവും. ഇതു ഒറ്റപ്പെട്ട ഒന്നല്ല, ഒരു ഉദാഹരണത്തിനു ചൂണ്ടിക്കാണിച്ചു എന്നു മാത്രം.

ചില അനിവാര്യ ഘട്ടങ്ങളിൽ കടത്തെ ആശ്രയിക്കേണ്ടി വന്നേക്കാം എന്നത് വാസ്തവമാണ്. പക്ഷെ കടത്തോടുള്ള നമ്മുടെ ഉദാര സമീപനമാണു പ്രശ്നം. ഗൾഫ്‌ മലയാളികളിൽ ഈ പ്രവണത കൂടുതലായി കാണപ്പെടുന്നു. 90 ശതമാനം ഗള്‍ഫ്‌ മലയാളികളും കടക്കാരാണ് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഏറ്റവും ചുരുങ്ങിയത് ഒരു ക്രെഡിറ്റ്‌ കാര്‍ഡിലൂടെയെങ്കിലും ഇങ്ങിനെ കടം പേറാന്‍ വിധിച്ചവനായിരിക്കും... പലപ്പോഴും എന്തെങ്കിലും അത്യാവശ്യത്തിനോ എന്നല്ല ആവശ്യത്തിനു പോലും ആയിരിക്കില്ലയിത് മറിച്ച്, അനാവശ്യത്തിനും ആഡംഭരത്തിനും വേണ്ടിയായിരിക്കും.

ബാങ്ക് ലോണ്‍, ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്നിവ നല്‍കുന്ന ഒരു മന:ശാസ്ത്ര വശവും ശ്രദ്ധിക്കേണ്ടതുണ്ട്‌... പണിയെടുത്തു കിട്ടിയ ശമ്പളം പേഴ്സിൽ നിന്നും എണ്ണിയെടുത്ത് കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന ഒരുവേദനകാര്‍ഡ്‌ ഉരസുമ്പോഴോ ബാങ്കില്‍ നിന്നും ലോൺ ഒന്നിച്ചു കിട്ടുമ്പോഴോ ഉണ്ടാവാറില്ല, മറിച്ച് വെറുതെ കിട്ടിയ കാശ് പോലെയേ മനസ്സിന് തോന്നുകയുള്ളു.

സാമ്പത്തിക മാന്ദ്യം ചിലർക്കെങ്കിലും തിരിച്ചറിവു നൽകിയിട്ടുണ്ടെങ്കിലും കടത്തോടുള്ള, പ്രത്യേകിച്ചും ബാങ്ക്‌ ലോണുകളോടുള്ള സമീപനത്തിൽ ഇനിയും ഏറെ മാറ്റം വരേണ്ടതുണ്ട്‌.

കടം വാങ്ങുന്നതിൽ മാത്രമല്ല കൊടുക്കുന്ന കാര്യത്തിലും ചില അച്ചടക്കങ്ങൾ
പാലിക്കേണ്ടതുണ്ട്
. പ്രയാസപ്പെടുന്ന ഒരാൾക്കു കടം നൽകി സഹായിക്കുന്നത്‌ വളരെ പുണ്യമുള്ള കാര്യം തന്നെയാണ്... എന്നാൽ കടം നൽകുന്നയാളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടു: ഒന്നാമതായി,വളരെ അനിവാര്യമായ കാര്യത്തിനു വേണ്ടിയാണ് കടം വാങ്ങിക്കുന്നത്‌ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്‌. രണ്ടാമതായി, വ്യക്തമായ രേഖകളും സാക്ഷികളും ഉണ്ടാവേണ്ടതുണ്ട്. മൂന്നാമതായി, മറ്റാരിൽ നിന്നൊക്കെയാണ് ഇതേ ആവശ്യം പറഞ്ഞു ഇയാൾ കടം വാങ്ങിക്കുന്നതെന്നു അറിയാൻശ്രമിക്കേണ്ടതുണ്ട്.

ചുരുക്കത്തിൽ, ദാനവും കടവും നൽകുന്ന സ്വഭാവത്തെ പ്രോൽസാഹിപ്പിക്കേണ്ടത്
തന്നെയാണെങ്കിലും
, അതോടൊപ്പം ഇവ രണ്ടും ചോദിക്കുന്ന സ്വഭാവം നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. നല്ല കുടുംബ /സുഹൃദ് ബന്ധങ്ങൾ ഉണ്ടാക്കാനായാല്‍ ഇത്തരം കട/പലിശക്കെണിയിൽ വീഴാതെ തന്നെ പലപ്പോഴും

പ്രശ്നങ്ങള്‍ തീര്‍ക്കാനാവും.


കടത്തെ നിങ്ങള്‍ സൂക്ഷിക്കുക, അത് രാത്രിയില്‍ നിങ്ങളുടെ നിദ്രയെയും പകല്‍ നിങ്ങളുടെ മാന്യതെയും നശിപ്പിക്കും എന്ന നബിവചനം എത്ര പ്രസക്തം!


പുഞ്ചിരി


വെറുതെ ഒന്ന് പുഞ്ചിരിക്കാനും പരിചയപ്പെടാനും പിശുക്ക് കാണിക്കുന്ന ആളുകളുടെ എണ്ണം നമുക്കിടയില്‍ കൂടി വരികയാണ്‌. രണ്ടാളുകളുടെ ഒരു സംഭവം കേട്ടിട്ടുണ്ട്. ദീര്‍ഘദൂരം തീവണ്ടിയില്‍ അടുത്തടുത്തിരുന്നു യാത്ര ചെയ്ത ഇരുവരും പരസ്പരം ഒന്ന് പുഞ്ചിരിക്കുകയോ എന്തെങ്കിലും ഒരു വാക്ക് ഉരിയാടുകയോ ഉണ്ടായില്ല. എന്നാല്‍ രണ്ടാള്‍ക്കും പോവേണ്ടിയിരുന്നത് ഒരേ ലക്ഷ്യ സ്ഥാനത്തേക്കായിരുന്നു പ്രസ്തുത സ്ഥലത്ത് വെച്ച് കണ്ടു മുട്ടിയപ്പോള്‍ “നിങ്ങളും ഇങ്ങോട്ടായിരുന്നോ?” എന്ന് ഒരാള്‍ക്ക് മറ്റൊരാളോട് ചോദിക്കേണ്ടി വന്നു!

ഒന്നും നഷ്ടപ്പെടാതെ ഒരുപാട് നേടുവാന്‍ വഴിയൊരുക്കുന്ന വളരെ നിസ്സാരവും എന്നാല്‍ ഏറെ മഹത്തരവുമായ ഒന്നാണ് പുഞ്ചിരി. ഹൃദ്യമായി പുഞ്ചിരിക്കുന്നവരെ എല്ലാവരും ഇഷ്ടപ്പെടുന്നു.

എനിക്ക് വളരെ അടുത്ത ഒരു സുഹ്രത്ത്‌ ഉണ്ട്. ഒരു സായാഹ്ന സവാരിക്കിടെയാണ് അവനെ ആദ്യമായി കാണുന്നത്. ജോലിക്ക് പോവാന്‍ കമ്പനി വാഹനവും കാത്തു റോഡരികില്‍ നില്‍ക്കുന്ന അവനെ കണ്ടപ്പോള്‍ വെറുതെ ഒന്ന് പുഞ്ചിരിച്ചു. അവന്‍ ഹൃദ്യമായ പുഞ്ചിരി തിരിച്ചും നല്‍കി എന്ന് മാത്രമല്ല പരസ്പരം പരിചയപ്പെടാന്‍ മുന്നോട്ടു വരികയും ചെയ്തു. വെറുതെ ഒരു പുഞ്ചിരിയില്‍ തുടങ്ങിയ ബന്ധം ഇപ്പോള്‍ വളരെ ഊഷ്മളമാണ്. ഒരു പാട് ആളുകളോട് പുഞ്ചിരിയിലൂടെ പരിചയം തുടങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. പുഞ്ചിരിച്ചതിലൂടെ എന്തെങ്കിലും ഒരു നഷ്ടം ഇത് വരെ ഉണ്ടായിട്ടില്ല; ഏറെ നേട്ടങ്ങള്‍ അല്ലാതെ. ഇത് എന്റെ മാത്രം കാര്യമല്ല. നിങ്ങളില്‍ പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവാം.

അതിനാല്‍ പുഞ്ചിരി ശീലമാക്കുക. വിടരുന്ന പൂവിന്റെ മനോഹരിതയാണ് പുഞ്ചിരി ചുണ്ടുകള്‍ക്ക് നല്‍കുക എന്നറിയുക.

വാല്‍ക്കഷ്ണം:
അപരിചിതരായ യുവതി-യുവാക്കള്‍ പരസ്പരം പുഞ്ചിരിക്കുന്നത് സൂക്ഷിച്ചു മാത്രമാവുക.


ദരിദ്ര കോടീശ്വരന്മാര്‍ !

ല്ലാവരുടെയും പക്കല്‍ കോടിക്കണക്കിനു രൂപ... വീട്ടിലെ കുട്ടികളുടെ പക്കല്‍ പോലും ലക്ഷക്കണക്കിന്‌ രൂപ.. പേഴ്സുകള്‍ക്ക് പകരം ചാക്കുകളില്‍ കറൻസി സൂക്ഷിക്കുക... ഇങ്ങിനെയുള്ള ഒരവസ്ഥയെകുറിച്ച് ആലോചിച്ചു നോക്കൂ...

ഇത്പറയുമ്പോള്‍ ഇങ്ങിനെ ആയിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടാവും... എന്നാല്‍ ഇത്തരം ഒരവസ്ഥ വരരുതെന്നാണ് നമ്മള്‍ പ്രാർത്ഥിക്കേണ്ടത്...

കോടികളുടെ നോട്ടുകള്‍ എല്ലാവരുടെയും കയ്യിലുണ്ട്... പക്ഷെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ദാരിദ്ര്യമുള്ളവരുടെ പട്ടികയില്‍ ഒന്നാംനിരയിലും ... ഇതാണ് ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വേയുടെ ഗതി.

നോട്ടിന് പുല്ലു വില പോലുമില്ലെന്നത്‌ അക്ഷരാര്‍ത്ഥത്തില്‍ അവിടെ കാണാം!




50 കോടിയുടെ കറ൯സി!




വിലവിവര പട്ടിക (10 മില്ല്യ൯, 15 മില്ല്യ൯, 60 മില്ല്യ൯...)




ഒരു കോഴിയെ വാങ്ങിക്കാ൯...




ശമ്പളം കൈപറ്റുന്ന തൊഴിലാളി




മിഠായി വാങ്ങാൻ...






ഷോപ്പിങ്ങിന്...


മൂന്നു ദശകത്തോളമായി സിംബാബ്‌വേ ഭരിച്ചുവരുന്ന 85കാരനായ റോബര്‍ട്ട്‌ മുഗാബെയുടെ തെറ്റായ നയങ്ങളാണ്‌ രാജ്യത്തിന്റെ തകര്‍ച്ചയ്‌ക്ക്‌ കാരണമായതെന്ന്‌ പറയപ്പെടുന്നു. ഒരു കാലത്ത്‌ ആഫ്രിക്കയുടെ 'ധാന്യ അറ'യായിരുന്നു സിംബാബ്‌വേ, ആഫ്രിക്കയിലെ ശക്തമായ രാജ്യങ്ങളിലൊന്നായിരുന്നു. നിയന്ത്രണങ്ങളോ ചട്ടങ്ങളോ പാലിക്കാതെ ഇഷ്ടംപോലെ നോട്ടടിച്ചിറക്കിയതാണ്‌ ഈ പ്രതിസന്ധിക്ക്‌ കാരണമായത്‌. സിംബാബ്‌വേയില്‍ തൊഴിലില്ലായ്‌മനിരക്ക്‌ 90 ശതമാനത്തിനു മുകളിലെത്തിയിട്ടുണ്ട്‌. രാജ്യമൊട്ടാകെ പകര്‍ച്ചവ്യാധികള്‍, അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നു. മഹാഭൂരിപക്ഷം ജനങ്ങളും പട്ടിണികൊണ്ട്‌ പൊറുതിമുട്ടുകയാണ്‌.

ഏതായാലും സ്വന്തം കറന്‍സി മരവിപ്പിക്കാനും പകരം അമേരിക്കന്‍ ഡോളറും ദക്ഷിണാഫ്രിക്കയുടെ റാന്‍ഡും ഉപയോഗിക്കാനും സിംബാബ്‌വേ സര്‍ക്കാര്‍ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു.