Thursday, September 29, 2011

സന്താനനിയന്ത്രണം പ്രായോഗികമോ?


മുക്കവരെ ആയിഷത്ത എന്ന് വിളിക്കാം. നാട്ടുകാര്‍ക്കെല്ലാം അവരോടു അസൂയ തന്നെ എന്ന് പറയാം. അത്രയ്ക്ക് ഐശ്വര്യത്തിലാണിന്നവര്‍ ജീവിക്കുന്നത്. ഉയര്‍ന്ന ജോലിയിലുള്ള മകന്‍ അത്രകണ്ടു ഉമ്മാക്ക് തുണയാവുന്നുണ്ട്. പക്ഷെ, ആയിഷത്താക്ക് തന്റെ ഭൂതകാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണ് നിറയും. അവര്‍ക്ക് 3 മക്കളാണ്. ആദ്യത്തെ രണ്ടും പെണ്മക്കള്‍. മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനു ഏതാനും നാള്‍ മുമ്പായിരുന്നു അവരുടെ ഭര്‍ത്താവ് മരണമടഞ്ഞത്. പറക്കമുറ്റാത്ത മക്കളെയും കൊണ്ടു ഏറെ കഷ്ടപ്പാടും പട്ടിണിയും സഹിച്ചാണവര്‍ ജീവിച്ചത്. അടുത്ത വീടുകളിലെ അടുക്കള ജോലികള്‍ വരെ ചെയ്തു കൊണ്ടാണ് മക്കളെ വളര്‍ത്തി വലുതാക്കിയത്. പഠനത്തില്‍ ഏറെ മിടുക്കനായിരുന്ന മകന്‍ ഇപ്പോള്‍ ഉയര്‍ന്ന ജോലി കരസ്ഥമാക്കി അവരിന്നു സന്തോഷത്തോടെ ജീവിക്കുന്നു. ഇന്ന് തന്റെ മകന്‍ തനിക്കു സംരക്ഷണം നല്‍കുന്നു എന്നതില്‍ മാത്രമല്ല, രാജ്യത്തിനു ഒരു നല്ല സംഭാവന കൂടിയാണ് എന്നതില്‍ അവര്‍ക്ക് അഭിമാനമുണ്ട്.

ആയിഷത്ത ഒരു സങ്കല്‍പ്പ കഥാപാത്രമായിരിക്കാം . എന്നാല്‍ മറ്റൊരു കാര്യം കൂടി കൂട്ടത്തില്‍ സങ്കല്‍പ്പിക്കുക. രണ്ടു മക്കളില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല എന്ന കര്‍ശനമായ ഒരു നിയമം മുമ്പേ ഉണ്ടായിരുന്നെന്നും ആ കാരണത്താല്‍ രണ്ടു മക്കളായ ശേഷം അവര്‍ ശിക്ഷ പേടിച്ചു പിന്നെ പ്രസവിക്കാന്‍ കൂട്ടാക്കിയില്ല എന്നും കരുതുക. എന്നാല്‍ അവരുടെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു? രണ്ടു മക്കള്‍ വാദവുമായി വന്ന സാംസ്കാരിക നായകന്മാര്‍ അവരെ സംരക്ഷിക്കുമായിരുന്നോ?
ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇത് പോലെ ഒരുപാടു സംഭവങ്ങള്‍ നിങ്ങള്‍ക്കും അറിയാമായിരിക്കും.

ജനസംഖ്യ വര്‍ദ്ധനവല്ല , മറിച്ചു പൌരന്മാരെ രാജ്യത്തിന്റെ പുരോഗതിക്കായി വളര്‍ത്തിയെടുത്തു ഉപയോഗപ്പെടുത്തുന്നതില്‍ (utilize) നമ്മുടെ രാജ്യം പരാജയപ്പെടുന്നതാണ് യഥാര്‍ത്ത പ്രശ്നം. ഒരുപാടു മക്കളുമായി സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ പേരുണ്ട്... ഒന്നും രണ്ടും മക്കള്‍ മാത്രമായിട്ടും പ്രയാസത്തോടെ ജീവിക്കുന്നവരും നമുക്ക് മുമ്പിലുണ്ട്.

സന്താന നിയന്ത്രണം ബലം പ്രയോഗിച്ചോ നിയമം മൂലമോ നടപ്പാക്കുക എന്നത് ഒട്ടും പ്രായോകികമല്ല.
രണ്ടു കുട്ടികളില്‍ കൂടുതലുണ്ടായാല്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമം വന്നു എന്ന് സങ്കല്‍പ്പിച്ചു നോക്കൂ! രണ്ടാമത്തെ പ്രസവത്തില്‍ ഇരട്ട കുട്ടികളുണ്ടായാല്‍ ശിക്ഷയെ പേടിച്ചു ഒന്നിനെ കൊന്നു കളയുകയോ? രണ്ടു കുട്ടികളുടെയും ആയുസ്സിനു ഗ്യാരണ്ടി നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? അതിലൊന്ന് എണ്ണം കുറഞ്ഞാല്‍ പകരം ലഭിക്കുമോ? …….. ?

സന്താന നിയന്ത്രണത്തിനു വേണ്ടി വാദിക്കുന്ന ആളുകള്‍ക്കൊക്കെ രണ്ടു മക്കള്‍ മാത്രമേയുള്ളുവോ? അവരൊക്കെ അവരുടെ മാതാപിതാക്കളുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ സന്താനമാണോ? അതല്ലയെങ്കില്‍, ഈ നിയമം നേരത്തെ ഉണ്ടായിരുന്നെങ്കില്‍ ഇതൊക്കെ പറയാന്‍ തങ്ങള്‍ ഉണ്ടാവുമായിരുന്നോ എന്ന ഏറ്റവും ലളിതമായ ഒരു ചിന്തയെങ്കിലും അവരുടെ മനസ്സില്‍ വരാത്തതെന്തേ?


പരമമായ ഒരു സത്യം കൂടി നാം മനസ്സിലാക്കണം, ജനനവും മരണവുമെല്ലാം പ്രാപഞ്ചിക വ്യവസ്ഥയുമായി ബന്ധപ്പെട്ട ദൈവതീരുമാങ്ങളാണ്. മനുഷ്യന്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചാലും വിജയിക്കുകയില്ല.