Monday, October 11, 2010

ഒരു മാറ്റം വേണ്ടേ?

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നതിൽ നാം അഭിമാനം കൊള്ളാറുണ്ട്‌. എന്നാൽ അതോടൊപ്പം ഏറ്റവും കൂടുതൽ അഴിമതിയും സ്വജനപക്ഷപാതവും രാഷ്ട്രീയ കുതിരക്കച്ചവടവും നടക്കുന്ന രാജ്യങ്ങളുടെ മുമ്പിൽ നമ്മൾ തന്നെയാണെന്ന സത്യവും അംഗീകരിച്ചേ മതിയാവൂ. ഇക്കാര്യത്തിൽ നമ്മുടെ കേരള സംസ്ഥാനം ഒട്ടും പിറകിലുമല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ ആത്മാർത്ഥതയോടെ എറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട രാഷ്ട്രീയ സംഘടനകൾ ജനകീയ പ്രശ്നങ്ങളിൽ നിന്നും അകന്ന് പോയിരിക്കുന്നു എന്നതാണു യാഥാർത്ഥ്യം.

നാടിന്റെ അടിസ്ഥാന വികസനത്തെ കുറിച്ചോ, സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനെ കുറിച്ചൊ ചിന്തിക്കുന്നതിനു പകരം നല്ല കാശുണ്ടാക്കാൻ പറ്റുന്ന ഒരു പണിയായി മാത്രം രാഷ്ട്രീയത്തെ കാണുന്നവരാണ് ഇന്നത്തെ മിക്ക രാഷ്ട്രീയക്കാരും. രാഷ്ട്രീയം എന്ന് കേൾക്കുമ്പോൾ തന്നെ കാപട്യക്കാർക്ക്‌ മാത്രം പറ്റുന്ന ഒരു മേഖലയായി അതിനെ മനസ്സിലാക്കുന്ന ഒരവസ്ഥയാണിന്ന് നിലനിൽക്കുന്നത്‌. ഇന്ത്യയിൽ ചെലവാക്കപ്പെടുന്ന ജനക്ഷേമ, വികസന ഫണ്ടുകളിൽ 30% മാത്രമേ യഥാർത്ഥത്തിൽ അതിന്റെ ശരിയായ ഉപഭോകതാക്കൾക്ക്‌ ലഭിക്കുന്നുവെന്നാണ് കണക്ക്‌. താഴെ തലത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക്‌ കൂടുതൽ അധികാരവും ഫണ്ടുകളും ലഭിച്ചു തുടങ്ങിയപ്പോൾ അതിനനുസരിച്ച്‌ അഴിമതിയും കൂടുകയാണുണ്ടായത്‌. പാർട്ടിയോടൊപ്പം നിൽക്കുന്നവർക്ക്‌ ഫണ്ടുകളനുവദിക്കുകയും ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുകയെന്നത്‌ നാട്ട്നടപ്പായി മാറിയിരിക്കുന്നു. അതിനാൽ താഴെക്കിടയിലുള്ള ജനങ്ങൾ പാർട്ടികളുടെ ആശ്രിതരായി മാറിയിരിക്കുന്നു.

ഇവിടെ നാം എന്താണു ചെയ്യേണ്ടത്‌?
മനുഷ്യസ്നേഹമുള്ള ഒരാൾക്കും ഇതൊന്നും കണ്ടില്ല എന്ന് നടിക്കാനാവില്ല. അഴിമതിക്കാർക്കും പകൽകൊള്ളക്കാർക്കും നാടിനെ തീറെഴുതി കൊടുത്തു അടങ്ങിയിരിക്കാനാവില്ല. അതിനാൽ ഈ വരുന്ന തെരെഞ്ഞെടുപ്പിൽ നാം ഒരു മാറ്റത്തിനായി ശ്രമിക്കേണ്ടതുണ്ട്‌. പാർട്ടി പക്ഷപാതിത്തത്തിനും, മത-സാമുദായിക-ജാതി പരിഗണനകൾക്കുമപ്പുറം ഓരോ വാർഡിലും താരതമ്യേന ജനസേവന മനസ്സുള്ള, നിസ്വാർത്ഥരായ ആളുകളെ തെരെഞ്ഞെടുക്കുക. അതാണു യഥാർത്ഥ രാജ്യ സ്നേഹവും.