Saturday, December 18, 2010

നമുക്ക്‌ വേണോ ആഡംബര വീടുകൾ !

ഈ ചിത്രങ്ങൾ കാണുക. നമ്മുടെ ഇന്ത്യയിൽ, നമ്മെ പോലെയുള്ള മനുഷ്യർ താമസിക്കുന്ന ഏതാനും വീടുകളാണിത്‌. ഇത്‌ പോലുമില്ലാതെ മരത്തണലിലും കടത്തിണ്ണകളിലും മക്കളുമൊത്ത്‌ കഴിയുന്ന എത്രയോ കുടുംബങ്ങളുണ്ട്‌.












എന്നാൽ നമ്മുടെയൊക്കെ അവസ്ഥയോ?
കണ്ണൂർ ജില്ലക്കാരനായ ഒരു സുഹൃത്തുമായി സൗഹൃദ സംഭാഷണത്തിനിടെ, അദ്ധേഹത്തിന്റെ വീട്‌ പണിയെ കുറിച്ച്‌ അന്വേഷിച്ചു. അദ്ധേഹം പറഞ്ഞു: “ഏറെക്കുറെ പണികളൊക്കെ തീർന്നു. ഇനി മിനുക്ക്‌ പണികൾ മാത്രമാണ് ബാക്കി. അതിനിനിയും ചുരുങ്ങിയത്‌ 20 ലക്ഷം രൂപയെങ്കിലും കാണണം...” സത്യത്തിൽ എന്റെ കണ്ണു തള്ളിപ്പോയി. മിനുക്ക്‌ പണികൾക്ക്‌ മാത്രം 20 ലക്ഷം രൂപ വേണമെങ്കിൽ വീടിന്റെ മൊത്തം ചെലവും വലുപ്പവും ഞാൻ മനസ്സിൽ ഊഹിച്ചു. ഒരു ഉദാഹരണം എന്ന നിലയിലാണ് ഈ സംഭവം ഉദ്ധരിച്ചത്‌. കേരളത്തിൽ അങ്ങോളമിങ്ങോളം, പ്രത്യേകിച്ചും വടക്കൻ ജില്ലകളിൽ നമുക്കിത്‌ വ്യകതമായി കാണാം.

പലപ്പോഴും ആവശ്യങ്ങളെക്കാളുപരി, പൊങ്ങച്ച പ്രകടനത്തിനു വേണ്ടിയാണ് കൊട്ടാര സദ്രശമായ വീടുണ്ടാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് എന്നതാണ് സത്യം. ഒന്നോ രണ്ടോ മക്കൾ മാത്രമുള്ള ചെറിയ കുടുംങ്ങൾ പോലും ഇത്തരം സൗധങ്ങൾ നിർമിക്കുന്നത്‌ നമുക്ക്‌ കാണാം.

“ധൂർത്തന്മാർ പിശാചുക്കളുടെ സഹോദരങ്ങളാണ്” എന്ന് പഠിപ്പിക്കപ്പെട്ട മുസ്ലിം സമൂഹത്തിലാണ് ഈ പ്രവണത കൂടുതൽ എന്നതാണ് വിചിത്രം. ആഡംബര വീടുകളെ ന്യായീകരിച്ച്‌ കൊണ്ട്‌ ചിലർ പറയുന്നത്‌, ദൈവം തന്ന അനുഗ്രഹങ്ങൾ നമ്മൾ പ്രദർശിപ്പിക്കുന്നത്‌ നല്ലതല്ലേ എന്നതാണ്!

എന്നാൽ വളരെ ആയാസകരമായി ഇത്തരം വീടുകൾ നിർമിക്കാൻ കഴിവുള്ളവർ മാത്രമാണ് അങ്ങിനെ ചെയ്യുന്നത്‌ എന്നത്‌ ശരിയല്ല, എന്നല്ല വളരെ ചുരുക്കം പേർക്കേ അതിനു കഴിയാറുള്ളൂ. പലപ്പൊഴും ഭീമമായ സംഖ്യകൾ കടം വാങ്ങിയാണ് അങ്ങിനെ ചെയ്യാറുള്ളത്‌ എന്നതാണു വാസ്തവം. എന്റെ ജില്ലക്കാരൻ തന്നെയായ ഒരു സുഹൃത്ത്‌ ഒരുദാഹരണമാൺ. ദുബൈയിൽ ഒരു കമ്പനിയിൽ പത്തു വർഷത്തിലധികം പ്രയാസപ്പെട്ട്‌ സമ്പാദിച്ചത്‌ മാത്രമല്ല ഭാവിയിൽ ഇനി അഞ്ചാറു വർഷം കൂടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ശമ്പളത്തിന്റെ കണക്കിനനുസരിച്ച്‌ കടങ്ങളും കൂട്ടുകാരിൽ നിന്നും ഒപ്പിച്ചു കൊട്ടാര സദ്രശമായ ഒരു വീടുണ്ടാക്കി. ഇന്നിപ്പൊൾ സാമ്പത്തിക മാന്ദ്യം കാരണം ഉള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറക്കുകയും ചെയതതിനാൽ ഭീമമായ കടങ്ങൾ എന്ന് എങ്ങിനെ വീട്ടാൻ കഴിയും എന്നറിയാതെ വിഷമിക്കുകായാൺ മൂപ്പരിപ്പോൾ.

ഇനി സാമ്പത്തിക സൗകര്യങ്ങളും മറ്റും ഉണ്ട്‌ എന്ന് വെച്ചാലും ആവശ്യത്തിലധികം, പൊങ്ങച്ചം പ്രകടിപ്പിച്ച്‌ കൊണ്ടുള്ള ആഡംബര സൗധങ്ങൾ നിർമിക്കുന്നതിനെ എങ്ങിനെ ന്യായീകരിക്കാനാവും? ഒരു കൊച്ചു കൂര സ്വപ്നം കാണാൻ പോലും കഴിയാതെ മക്കളുമായി കടത്തിണ്ണകളിലും മരത്തണലുകളിലും കഴിയുന്ന അനേകമാളുകൾ ഉണ്ടായിരിക്കെ! നന്നായി ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്ത എത്രയോ ആയിരങ്ങൾ, ചികിൽസിക്കാൻ വകയില്ലാതെ വേദനകളും പേറി നടക്കുന്ന എത്രയോ രോഗികൾ നമുക്കു ചുറ്റുമുണ്ട്‌. അത്തരക്കാർക്കൊക്കെ കഴിയുന്ന രീതിയിൽ ആശ്വാസം നൽകിക്കൊണ്ടാണ് ദൈവം നമുക്ക്‌ നൽകിയ അനുഗ്രഹങ്ങൾക്ക്‌ നന്ദി കാണിക്കേണ്ടത്‌.

ഏത്‌ കൂറ്റൻ ബംഗ്‌ളാവിൽ കഴിഞ്ഞാലും അവസാനം എല്ലാവർക്കും പോവേണ്ടത്‌ ഒരേ വലുപ്പമുള്ള ഭവനത്തിലേക്കാണു എന്നത്‌ നമ്മൾ ഓർക്കേണ്ടതുണ്ട്‌.