Wednesday, April 11, 2012

എന്തിനീ ക്രൂരത ?



  

ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ !
ഒരു മനുഷ്യന് അതും ഒരു പിതാവിന് ഇത്ര ക്രൂരനാവാന്‍ കഴിയുമോ?

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല ...  വാര്‍ത്തകളില്‍  ഇടം പിടിക്കാത്തതോ നാം ശ്രദ്ധിക്കാത്തതോ ആയ എത്രയോ ഇത്തരം സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

ഇത്തരം നരഹത്യകള്‍ ഇന്ത്യയില്‍ എത്രയോ നടക്കുന്നുണ്ട്. പലതും പുറം ലോകം അറിയുന്നില്ല എന്ന് മാത്രം.യു.എന്നിന്റെ  പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയാണ് ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വേദനകളും ദുരിതങ്ങളും സമ്മാനിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം!

ഒരു കണക്കുകളിലും വാര്‍ത്തളിലും പെടാത്ത എത്രയോ കുഞ്ഞുങ്ങളെ
  ജനിക്കാന്‍ പോലും സമ്മതിക്കാതെഭ്രൂണഹത്യകള്‍ വഴി ഗര്‍ഭാശയത്തില്‍ വെച്ച്  തന്നെ കൊന്നു കളഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രതിദിനം അനധികൃതമായി 2000 പെണ്‍ഭ്രൂണഹത്യകള്‍ ഇന്ത്യയില്‍ നടക്കുന്നുവെന്നാണ് യു.എന്‍ കണക്ക്. മഹരാഷ്ട്രയിലെ ബീഡ് ജില്ലയില് ഒമ്പത് പെണ് ഭ്രൂണങ്ങള് അഴുക്കു ചാലില് നിന്നു കണ്ടെടുതതായി ഏതാനും മാസങ്ങള്‍ മുമ്പ് വാര്‍ത്തയുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍ ഭ്രൂണഹത്യ നടക്കുന്ന ഉസിലാംപട്ടി മോഡലില്‍ കേരളത്തിലും ചില സ്വകാര്യാശുപത്രികള്‍ കേന്ദ്രീകരി ച്ചു വന്‍ ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്‌. ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ ചെറിയ നൂതന ഉപകരണങ്ങള്‍ വരെ വിപണിയില്‍ ലഭ്യമാണിപ്പോള്‍.

ഇനി ശാരീരിക ഉന്മൂലനം ചെയ്തില്ലെങ്കിലും പെണ്‍കുഞ്ഞു ജനിച്ചാല്‍ മാനസികമായി വെറുക്കുകയും അവഗണിക്കുകയുംവിവേചനപരമായി പെരുമാറുകയും ചെയ്യുന്ന എത്രയോ ആളുകള്‍ നമുക്കിടയിലുണ്ട്. ജനിച്ചത്‌ ആണ്‍ കുഞ്ഞാണെങ്കില്‍ അഭിനന്ദിക്കുകയും പെണ്‍കുഞ്ഞാണെങ്കില്‍ സമാധാനിപ്പുകയും ചെയ്യുന്ന ഒരു പ്രവണത  ഇപ്പോള്‍ സാധാരണയായി കണ്ടു വരുന്നു.

ഇത്തരം വല്ല വാര്‍ത്തകളും വരുമ്പോള്‍ നമ്മില്‍ ചിലരെങ്കിലും  ആ കുഞ്ഞുങ്ങളെ ഓര്‍ത്തു കണ്ണീര്‍ പൊഴിക്കുന്നു... ആ ക്രൂരകൃത്യത്തെ അപലപിക്കുന്നു... ക്രൂരരായ കൊലയാളികളെ  ശപിക്കുന്നു.. പിന്നെ എല്ലാം മറക്കുന്നുഅടുത്ത ഒരു ദുരന്തം വരുന്നത് വരെ!

എന്നാല്‍  പെണ്‍കുഞ്ഞിനെ ഒരു ഭാരമായി രക്ഷിതാക്കള്‍ക്ക് തോന്നാനും അവരെ വെറുക്കാനും നശിപ്പിക്കാനും തുനിയുന്നതിന്റെ ഉത്തരവാദിത്ത്വം രക്ഷിതാക്കള്‍ മാത്രമല്ല എന്ന് നാം അറിയണം. ഞാനും നിങ്ങളും ഉള്‍പെട്ട സമൂഹം കൂടിയാണ്. സ്ത്രീധനത്തിന്റെയും  മറ്റും പേരില്‍ പെണ്ണിനെ ഒരു വില്പന ചരക്കാക്കുന്ന സമൂഹമാണ്‌ ഇത്തരം ക്രൂരതകളുടെ ഒന്നാം പ്രതി.
അതിനാല്‍ ഇത്ത്രരം കൊലയാളികള്‍ക്ക് ശിക്ഷ നല്‍കുന്നത് കൊണ്ട് മാത്രം ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങള്‍ രക്ഷപ്പെടില്ല. സ്ത്രീധനം പോലുള്ള അതിന്റെ കാരണങ്ങള്‍ കണ്ടെത്തി അവ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ സര്‍ക്കാരില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളും മറ്റും ഉപയോഗിച്ചു ഇത്തരം വിഷയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനെങ്കിലും ചുരുങ്ങിയപക്ഷം നാം തെയ്യാറാവേണ്ടതുണ്ട്.