Thursday, March 4, 2010

പുഞ്ചിരി


വെറുതെ ഒന്ന് പുഞ്ചിരിക്കാനും പരിചയപ്പെടാനും പിശുക്ക് കാണിക്കുന്ന ആളുകളുടെ എണ്ണം നമുക്കിടയില്‍ കൂടി വരികയാണ്‌. രണ്ടാളുകളുടെ ഒരു സംഭവം കേട്ടിട്ടുണ്ട്. ദീര്‍ഘദൂരം തീവണ്ടിയില്‍ അടുത്തടുത്തിരുന്നു യാത്ര ചെയ്ത ഇരുവരും പരസ്പരം ഒന്ന് പുഞ്ചിരിക്കുകയോ എന്തെങ്കിലും ഒരു വാക്ക് ഉരിയാടുകയോ ഉണ്ടായില്ല. എന്നാല്‍ രണ്ടാള്‍ക്കും പോവേണ്ടിയിരുന്നത് ഒരേ ലക്ഷ്യ സ്ഥാനത്തേക്കായിരുന്നു പ്രസ്തുത സ്ഥലത്ത് വെച്ച് കണ്ടു മുട്ടിയപ്പോള്‍ “നിങ്ങളും ഇങ്ങോട്ടായിരുന്നോ?” എന്ന് ഒരാള്‍ക്ക് മറ്റൊരാളോട് ചോദിക്കേണ്ടി വന്നു!

ഒന്നും നഷ്ടപ്പെടാതെ ഒരുപാട് നേടുവാന്‍ വഴിയൊരുക്കുന്ന വളരെ നിസ്സാരവും എന്നാല്‍ ഏറെ മഹത്തരവുമായ ഒന്നാണ് പുഞ്ചിരി. ഹൃദ്യമായി പുഞ്ചിരിക്കുന്നവരെ എല്ലാവരും ഇഷ്ടപ്പെടുന്നു.

എനിക്ക് വളരെ അടുത്ത ഒരു സുഹ്രത്ത്‌ ഉണ്ട്. ഒരു സായാഹ്ന സവാരിക്കിടെയാണ് അവനെ ആദ്യമായി കാണുന്നത്. ജോലിക്ക് പോവാന്‍ കമ്പനി വാഹനവും കാത്തു റോഡരികില്‍ നില്‍ക്കുന്ന അവനെ കണ്ടപ്പോള്‍ വെറുതെ ഒന്ന് പുഞ്ചിരിച്ചു. അവന്‍ ഹൃദ്യമായ പുഞ്ചിരി തിരിച്ചും നല്‍കി എന്ന് മാത്രമല്ല പരസ്പരം പരിചയപ്പെടാന്‍ മുന്നോട്ടു വരികയും ചെയ്തു. വെറുതെ ഒരു പുഞ്ചിരിയില്‍ തുടങ്ങിയ ബന്ധം ഇപ്പോള്‍ വളരെ ഊഷ്മളമാണ്. ഒരു പാട് ആളുകളോട് പുഞ്ചിരിയിലൂടെ പരിചയം തുടങ്ങാന്‍ കഴിഞ്ഞിട്ടുണ്ട്. പുഞ്ചിരിച്ചതിലൂടെ എന്തെങ്കിലും ഒരു നഷ്ടം ഇത് വരെ ഉണ്ടായിട്ടില്ല; ഏറെ നേട്ടങ്ങള്‍ അല്ലാതെ. ഇത് എന്റെ മാത്രം കാര്യമല്ല. നിങ്ങളില്‍ പലര്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവാം.

അതിനാല്‍ പുഞ്ചിരി ശീലമാക്കുക. വിടരുന്ന പൂവിന്റെ മനോഹരിതയാണ് പുഞ്ചിരി ചുണ്ടുകള്‍ക്ക് നല്‍കുക എന്നറിയുക.

വാല്‍ക്കഷ്ണം:
അപരിചിതരായ യുവതി-യുവാക്കള്‍ പരസ്പരം പുഞ്ചിരിക്കുന്നത് സൂക്ഷിച്ചു മാത്രമാവുക.


No comments:

Post a Comment