Wednesday, September 15, 2010

തുടരുന്ന ബസ്സപകടങ്ങൾ..

കേരളത്തിൽ ഭീതിജനകമാം വിധം ബസ്സപകടങ്ങൾ വർദ്ധിച്ച്‌ വരികയാണ്. അമിത വേഗതയും മൽസര ഓട്ടവും ഓവർട്ടേക്കുമാണ് മിക്ക അപകടങ്ങളുടെയും കാരണങ്ങൾ.

ഈയിടെ നാട്ടിൽ പോയപ്പോൾ ഒരു പ്രൈവറ്റ്‌ ബസ്സിൽ കയറേണ്ടി വന്നു. യാത്രക്കാരെ കയറ്റിയ ബസ്‌ പിന്നെ പറക്കുകയായിരുന്നു! തൊട്ടു പിന്നാലെ മറ്റൊരു ബസ്സുള്ളത്‌ അപ്പോഴാണു ശ്രദ്ധിച്ചത്‌. ഇരു ബസ്സുകളും അമിത വേഗതയിൽ കുതിച്ചു പായുകയാണ്. ഇടക്ക്‌ അടുത്ത ബസ്‌ മുമ്പിൽ ചാടും, നിമിഷങ്ങൾക്കകം ഞങ്ങളുടെ ബസ്‌ അതിനെ മറി കടക്കും. മൽസരവും അമിത വേഗതയും അതിർകടക്കുന്നത്‌ കണ്ടപ്പോൾ ഞാൻ എഴുന്നേറ്റ്‌ കണ്ടക്ടറോട്‌ സൗമ്യമായി, മൽസര ഓട്ടം നിർത്തണമെന്ന് ആവശ്യപ്പെട്ടു. റെയിൽവെ ഗെയ്റ്റിൽ കുടുങ്ങി സമയം വൈകിയതിനാലാണ് എന്നൊക്കെ പറഞ്ഞു ന്യായീകരിക്കാൻ ശ്രമിക്കുകയാണ് കണ്ടക്റ്റർ എന്നു കണ്ടപ്പോൾ എഴുന്നേറ്റ്‌ ഡ്രൈവറോടു തന്നെ നേരിട്ട്‌ വേഗത കുറക്കാൻ ആവശ്യപ്പെട്ടു. ആദ്യമൊക്കെ എന്റെ വാക്കുകൾ അവഗണിച്ചെങ്കിലും വിടാൻ ഭാവമില്ല എന്നു മനസ്സിലാക്കിയതിനാലാവണം അടുത്ത ബസ്സിനെ പോകാൻ സമ്മതിച്ച്‌ വേഗത കുറച്ചു.

ഇത്തരം ഓട്ടമൽസരങ്ങളും അമിതവേഗതയുമൊക്കെയാണു അപകട കാരണങ്ങൾ എന്ന് എല്ലാവർക്കും അറിയാമെങ്കിലും ഏതെങ്കിലും വലിയ ദുരന്തങ്ങളും അപകടങ്ങളും ഉണ്ടാവുമ്പോൾ മാത്രം ഇത്തരം വിഷയങ്ങൾ നാം ചർച്ച ചെയ്യും. സർക്കാർ പേരിനു എന്തെങ്കിലും നടപടി എടുത്തു എന്ന് വരുത്തിത്തീ൪ക്കും. ഏതാനും ദിവസങ്ങൾ കഴിയുമ്പൊഴേക്കും പിന്നെ എല്ലാം പഴയ പടി!

സർക്കാറിൽ നിന്നും (അതാരായാലും) അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി. എന്നാൽ, അതിവേഗത സമ്മതിക്കില്ല എന്ന് ബസ്സിലെ യാത്രക്കാരും, വാഹനമോടുന്ന പ്രദേശത്തെ നാട്ടുകാരും തീരുമാനിച്ചാൽ പ്രശ്നത്തിനു ഏറെക്കുറെ പരിഹാരമാവും. എന്നാൽ ജനങ്ങളുടെ നിസ്സംഗതയും നിഷ്‌ക്രിയത്വവും പ്രശ്നങ്ങളിൽ ഇടപെടാനുള്ള മടിയും കാരണം അത്‌ നടക്കുന്നില്ലെന്ന് മാത്രം.

മേൽ സംഭവത്തിൽ തന്നെ ഒരു യാത്രക്കാരനും അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചു കണ്ടില്ല എന്നതായിരുന്നു എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം.

ഏതാനും നാണയത്തുട്ടുകൾക്കും കുറഞ്ഞ സമയ ലാഭത്തിനും വേണ്ടി പകരം വെക്കേണ്ടി വരുന്നത്‌ വിലപ്പെട്ട മനുഷ്യ ജീവനുകളാണെന്നു ഓർക്കുക.

1 comment:

  1. ഇത് ഒരു പുതിയ സംഭവമല്ല. യാത്രക്കാരാണെങ്കിലോ എത്ര സ്പീഡ് കൂടിയാലും ഉദ്ദേശിച്ച സ്ഥലത്ത് ഒരു മിനിറ്റെങ്കിലും നേരത്തെ എത്തിയാല് മതി എന്ന മട്ടിലൊക്കെയായിരിക്കും ഇരിപ്പ്. എന്നാല് അവര് ഇടപെടണമെങ്കില് ദേഹത്ത് ഒന്നു കോറേണ്ട അവസ്ഥയാണ്. അപകടങ്ങള് ഉണ്ടായിക്കഴിഞ്ഞ് പിന്നെ മാധ്യമങ്ങളില് രാഷ്ട്രീയക്കാരുടെ പഴി ചാരലുകളാണ്.ഇവരോരോരുത്തരുടെ പാര്ട്ടികള് ഭരിക്കുംപോഴും ഇത്തരത്തില് അപകടങ്ങളും മരണപ്പാച്ചിലുകളും നടക്കുന്നത് ഇവര് വിസ്മരിക്കുന്നു. ഇവര് തന്നെയാണ് ഒരു മിനിറ്റും അര മിനിറ്റും ഇട വേളയില് പെര്മിറ്റ് അനുവധിക്കുന്നതും.

    ReplyDelete