Wednesday, April 11, 2012

എന്തിനീ ക്രൂരത ?



  

ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ !
ഒരു മനുഷ്യന് അതും ഒരു പിതാവിന് ഇത്ര ക്രൂരനാവാന്‍ കഴിയുമോ?

ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല ...  വാര്‍ത്തകളില്‍  ഇടം പിടിക്കാത്തതോ നാം ശ്രദ്ധിക്കാത്തതോ ആയ എത്രയോ ഇത്തരം സംഭവങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

ഇത്തരം നരഹത്യകള്‍ ഇന്ത്യയില്‍ എത്രയോ നടക്കുന്നുണ്ട്. പലതും പുറം ലോകം അറിയുന്നില്ല എന്ന് മാത്രം.യു.എന്നിന്റെ  പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയാണ് ഒന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വേദനകളും ദുരിതങ്ങളും സമ്മാനിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യം!

ഒരു കണക്കുകളിലും വാര്‍ത്തളിലും പെടാത്ത എത്രയോ കുഞ്ഞുങ്ങളെ
  ജനിക്കാന്‍ പോലും സമ്മതിക്കാതെഭ്രൂണഹത്യകള്‍ വഴി ഗര്‍ഭാശയത്തില്‍ വെച്ച്  തന്നെ കൊന്നു കളഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രതിദിനം അനധികൃതമായി 2000 പെണ്‍ഭ്രൂണഹത്യകള്‍ ഇന്ത്യയില്‍ നടക്കുന്നുവെന്നാണ് യു.എന്‍ കണക്ക്. മഹരാഷ്ട്രയിലെ ബീഡ് ജില്ലയില് ഒമ്പത് പെണ് ഭ്രൂണങ്ങള് അഴുക്കു ചാലില് നിന്നു കണ്ടെടുതതായി ഏതാനും മാസങ്ങള്‍ മുമ്പ് വാര്‍ത്തയുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍ ഭ്രൂണഹത്യ നടക്കുന്ന ഉസിലാംപട്ടി മോഡലില്‍ കേരളത്തിലും ചില സ്വകാര്യാശുപത്രികള്‍ കേന്ദ്രീകരി ച്ചു വന്‍ ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്‌. ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ ചെറിയ നൂതന ഉപകരണങ്ങള്‍ വരെ വിപണിയില്‍ ലഭ്യമാണിപ്പോള്‍.

ഇനി ശാരീരിക ഉന്മൂലനം ചെയ്തില്ലെങ്കിലും പെണ്‍കുഞ്ഞു ജനിച്ചാല്‍ മാനസികമായി വെറുക്കുകയും അവഗണിക്കുകയുംവിവേചനപരമായി പെരുമാറുകയും ചെയ്യുന്ന എത്രയോ ആളുകള്‍ നമുക്കിടയിലുണ്ട്. ജനിച്ചത്‌ ആണ്‍ കുഞ്ഞാണെങ്കില്‍ അഭിനന്ദിക്കുകയും പെണ്‍കുഞ്ഞാണെങ്കില്‍ സമാധാനിപ്പുകയും ചെയ്യുന്ന ഒരു പ്രവണത  ഇപ്പോള്‍ സാധാരണയായി കണ്ടു വരുന്നു.

ഇത്തരം വല്ല വാര്‍ത്തകളും വരുമ്പോള്‍ നമ്മില്‍ ചിലരെങ്കിലും  ആ കുഞ്ഞുങ്ങളെ ഓര്‍ത്തു കണ്ണീര്‍ പൊഴിക്കുന്നു... ആ ക്രൂരകൃത്യത്തെ അപലപിക്കുന്നു... ക്രൂരരായ കൊലയാളികളെ  ശപിക്കുന്നു.. പിന്നെ എല്ലാം മറക്കുന്നുഅടുത്ത ഒരു ദുരന്തം വരുന്നത് വരെ!

എന്നാല്‍  പെണ്‍കുഞ്ഞിനെ ഒരു ഭാരമായി രക്ഷിതാക്കള്‍ക്ക് തോന്നാനും അവരെ വെറുക്കാനും നശിപ്പിക്കാനും തുനിയുന്നതിന്റെ ഉത്തരവാദിത്ത്വം രക്ഷിതാക്കള്‍ മാത്രമല്ല എന്ന് നാം അറിയണം. ഞാനും നിങ്ങളും ഉള്‍പെട്ട സമൂഹം കൂടിയാണ്. സ്ത്രീധനത്തിന്റെയും  മറ്റും പേരില്‍ പെണ്ണിനെ ഒരു വില്പന ചരക്കാക്കുന്ന സമൂഹമാണ്‌ ഇത്തരം ക്രൂരതകളുടെ ഒന്നാം പ്രതി.
അതിനാല്‍ ഇത്ത്രരം കൊലയാളികള്‍ക്ക് ശിക്ഷ നല്‍കുന്നത് കൊണ്ട് മാത്രം ഇന്ത്യയില്‍ പെണ്‍കുഞ്ഞുങ്ങള്‍ രക്ഷപ്പെടില്ല. സ്ത്രീധനം പോലുള്ള അതിന്റെ കാരണങ്ങള്‍ കണ്ടെത്തി അവ സമൂഹത്തില്‍ നിന്നും തുടച്ചു നീക്കാനുള്ള ശക്തമായ ശ്രമങ്ങള്‍ സര്‍ക്കാരില്‍ നിന്നും പൊതു സമൂഹത്തില്‍ നിന്നും ഉണ്ടാവേണ്ടതുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക്കുകളും മറ്റും ഉപയോഗിച്ചു ഇത്തരം വിഷയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനെങ്കിലും ചുരുങ്ങിയപക്ഷം നാം തെയ്യാറാവേണ്ടതുണ്ട്.

  

Wednesday, February 29, 2012

സ്വവര്‍ഗരതി അംഗീകരിക്കാമോ?


സ്വവര്‍ഗരതി അംഗീകരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. സര്‍ക്കാരിന് വേണ്ടി ആരോഗ്യ മന്ത്രാലയമാണ് സ്വവര്‍ഗരതിയെ അനുകൂലിക്കുന്നുവെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്നും രാജ്യത്തെ സാമൂഹ്യ വ്യവസ്ഥിതിക്ക് എതിരാണെന്നും അധാര്‍മികവും പ്രകൃതി വിരുദ്ധവും ആണെന്നും ഇന്ത്യയുടെ ധാര്‍മിക, സാമൂഹ്യമൂല്യങ്ങള്‍ മറ്റ് രാജ്യങ്ങളിലേതില്‍ നിന്നും വ്യത്യസ്തമാണെന്നും അതിനാല്‍ തന്നെ അംഗീകരിക്കാനാവില്ലെന്നുമാണ് നേരത്തെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നത്. പുരുഷ സ്വവര്‍ഗരതി പ്രകൃതിവിരുദ്ധം മാത്രമല്ല ഒരു രോഗമാണെന്നും കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് മുമ്പ് വ്യകതമാക്കിയിരുന്നു.

സര്‍ക്കാരിന്റെ ഈ നിലപാട് മാറ്റത്തിന്റെ പ്രേരകമെന്താണെന്നറിയില്ല. എന്ത് തന്നെയായാലും സ്വവര്‍ഗരതി വീണ്ടും ഇന്ത്യയില്‍ ഒരു സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നു.

സകലമാന ലൈംഗിക വൈകൃതങ്ങളുടെയും പ്രചാരകരും സദാചാരത്തിന്റെ ബദ്ധശത്രുക്കളുമായ പാശ്ചാത്യസമൂഹങ്ങളുടെ നിരന്തരമായ മസ്തിഷ്കപ്രക്ഷാളനത്തിന് മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ഇന്ത്യയെ പോലെയുള്ള നാടുകളും വിധേയരായതിന്റെ പ്രത്യാഘാതമാണ് യഥാര്‍ത്തത്തില്‍ ജുഡീഷ്യറിയെപ്പോലും ബാധിച്ച ഈ അരാജകത്വചിന്ത.

സ്വവര്‍ഗരതി തീര്‍ത്തും പ്രകൃതിവിരുദ്ധവും അധാര്‍മികവും ഇന്ത്യയുടെ സംസ്കാരത്തിനും സാമൂഹികക്രമത്തിനും ധാര്‍മിക പാരമ്പര്യങ്ങള്‍ക്കും വിരുദ്ധവുമാണ്. അതോടൊപ്പം മാരകമായ എയിഡ്സ് പോലെയുള്ള ലൈംഗിക രോഗങ്ങള്‍ വ്യാപിപ്പിക്കുന്നതിന് പ്രധാന കാരണമാണ് സ്വവര്‍ഗരതി എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഇത് പ്രകൃതിവിരുദ്ധമല്ല മറിച്ച് ഒരു ലൈംഗികാഭിരുചി മാത്രമാണ് എന്നാതാണ് സ്വവര്‍ഗരതിയെ ന്യായീകരിക്കുന്നവരുടെ വാദം. സ്വവര്‍ഗപ്രേമികളുടെ സ്വാതന്ത്രൃമാണ്‌ മറ്റു ചിലര്‍ ന്യായീകരണമായി കാണുന്നത്. അങ്ങിനെയെങ്കില്‍ നാളെ ഒരു കൂട്ടര്‍ തങ്ങളുടെ ലൈംഗികാഭിരുചി ചെറിയ കുട്ടികളുമായാണെന്നോ, തങ്ങളുടെ തന്നെ മക്കളുമായാണെന്നോ അതല്ല മൃഗങ്ങളുമായെണെന്നോ ഒക്കെ പറഞ്ഞു രംഗത്ത് വന്നാല്‍ അവരെ നമുക്ക് അനുകൂലിക്കാന്‍ കഴിയുമോ? അഭിരുചികളും സ്വാതന്ത്ര്യവും അവകാശങ്ങളും പറയുന്നവര്‍ അവരെയും പിന്തുണക്കുമോ?

സ്വവര്‍ഗപ്രണയവും പ്രകൃതിവിരുദ്ധബന്ധങ്ങളും യഥാര്‍ഥത്തില്‍ അസാന്മാര്‍ഗികവും സദാചാരവിരുദ്ധവും അനാരോഗ്യകരവുമായ സാഹചര്യങ്ങളില്‍നിന്നാണ് പിറവിയെടുക്കുന്നത്. ആരിലെങ്കിലും അത്തരം ജന്മവാസനകള്‍ ഉണ്ടെങ്കില്‍തന്നെ ഇളംപ്രായത്തിലെ മതിയായ ശിക്ഷണവും അച്ചടക്കപൂര്‍ണമായ ജീവിതസാഹചര്യവും ആരോഗ്യകരമായ സഹവാസവും ലഭ്യമാക്കിയാല്‍ മാറ്റിയെടുക്കാവുന്നതേയുള്ളൂ.


മൃഗങ്ങളില്‍പോലും കാണപ്പെടാത്ത സ്വവര്‍ഗരതി എന്ന അറപ്പുളവാക്കുന്ന കാമപേകൂത്ത് ശിക്ഷാര്‍ഹമായ കുറ്റമാക്കിയ നിയമത്തെ ഇല്ലാതാക്കാനല്ല, കോടതികളും ശക്തിപ്പെടുത്താനും ഫലപ്രദമാക്കാനുമാണ് സര്‍ക്കാറും കോടതികളും സമൂഹവും മനസ്സിരുത്തേണ്ടത്.

Thursday, September 29, 2011

സന്താനനിയന്ത്രണം പ്രായോഗികമോ?


മുക്കവരെ ആയിഷത്ത എന്ന് വിളിക്കാം. നാട്ടുകാര്‍ക്കെല്ലാം അവരോടു അസൂയ തന്നെ എന്ന് പറയാം. അത്രയ്ക്ക് ഐശ്വര്യത്തിലാണിന്നവര്‍ ജീവിക്കുന്നത്. ഉയര്‍ന്ന ജോലിയിലുള്ള മകന്‍ അത്രകണ്ടു ഉമ്മാക്ക് തുണയാവുന്നുണ്ട്. പക്ഷെ, ആയിഷത്താക്ക് തന്റെ ഭൂതകാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും കണ്ണ് നിറയും. അവര്‍ക്ക് 3 മക്കളാണ്. ആദ്യത്തെ രണ്ടും പെണ്മക്കള്‍. മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കുന്നതിനു ഏതാനും നാള്‍ മുമ്പായിരുന്നു അവരുടെ ഭര്‍ത്താവ് മരണമടഞ്ഞത്. പറക്കമുറ്റാത്ത മക്കളെയും കൊണ്ടു ഏറെ കഷ്ടപ്പാടും പട്ടിണിയും സഹിച്ചാണവര്‍ ജീവിച്ചത്. അടുത്ത വീടുകളിലെ അടുക്കള ജോലികള്‍ വരെ ചെയ്തു കൊണ്ടാണ് മക്കളെ വളര്‍ത്തി വലുതാക്കിയത്. പഠനത്തില്‍ ഏറെ മിടുക്കനായിരുന്ന മകന്‍ ഇപ്പോള്‍ ഉയര്‍ന്ന ജോലി കരസ്ഥമാക്കി അവരിന്നു സന്തോഷത്തോടെ ജീവിക്കുന്നു. ഇന്ന് തന്റെ മകന്‍ തനിക്കു സംരക്ഷണം നല്‍കുന്നു എന്നതില്‍ മാത്രമല്ല, രാജ്യത്തിനു ഒരു നല്ല സംഭാവന കൂടിയാണ് എന്നതില്‍ അവര്‍ക്ക് അഭിമാനമുണ്ട്.

ആയിഷത്ത ഒരു സങ്കല്‍പ്പ കഥാപാത്രമായിരിക്കാം . എന്നാല്‍ മറ്റൊരു കാര്യം കൂടി കൂട്ടത്തില്‍ സങ്കല്‍പ്പിക്കുക. രണ്ടു മക്കളില്‍ കൂടുതല്‍ ഉണ്ടാവാന്‍ പാടില്ല എന്ന കര്‍ശനമായ ഒരു നിയമം മുമ്പേ ഉണ്ടായിരുന്നെന്നും ആ കാരണത്താല്‍ രണ്ടു മക്കളായ ശേഷം അവര്‍ ശിക്ഷ പേടിച്ചു പിന്നെ പ്രസവിക്കാന്‍ കൂട്ടാക്കിയില്ല എന്നും കരുതുക. എന്നാല്‍ അവരുടെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു? രണ്ടു മക്കള്‍ വാദവുമായി വന്ന സാംസ്കാരിക നായകന്മാര്‍ അവരെ സംരക്ഷിക്കുമായിരുന്നോ?
ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇത് പോലെ ഒരുപാടു സംഭവങ്ങള്‍ നിങ്ങള്‍ക്കും അറിയാമായിരിക്കും.

ജനസംഖ്യ വര്‍ദ്ധനവല്ല , മറിച്ചു പൌരന്മാരെ രാജ്യത്തിന്റെ പുരോഗതിക്കായി വളര്‍ത്തിയെടുത്തു ഉപയോഗപ്പെടുത്തുന്നതില്‍ (utilize) നമ്മുടെ രാജ്യം പരാജയപ്പെടുന്നതാണ് യഥാര്‍ത്ത പ്രശ്നം. ഒരുപാടു മക്കളുമായി സന്തോഷത്തോടെ ജീവിക്കുന്ന എത്രയോ പേരുണ്ട്... ഒന്നും രണ്ടും മക്കള്‍ മാത്രമായിട്ടും പ്രയാസത്തോടെ ജീവിക്കുന്നവരും നമുക്ക് മുമ്പിലുണ്ട്.

സന്താന നിയന്ത്രണം ബലം പ്രയോഗിച്ചോ നിയമം മൂലമോ നടപ്പാക്കുക എന്നത് ഒട്ടും പ്രായോകികമല്ല.
രണ്ടു കുട്ടികളില്‍ കൂടുതലുണ്ടായാല്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമം വന്നു എന്ന് സങ്കല്‍പ്പിച്ചു നോക്കൂ! രണ്ടാമത്തെ പ്രസവത്തില്‍ ഇരട്ട കുട്ടികളുണ്ടായാല്‍ ശിക്ഷയെ പേടിച്ചു ഒന്നിനെ കൊന്നു കളയുകയോ? രണ്ടു കുട്ടികളുടെയും ആയുസ്സിനു ഗ്യാരണ്ടി നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? അതിലൊന്ന് എണ്ണം കുറഞ്ഞാല്‍ പകരം ലഭിക്കുമോ? …….. ?

സന്താന നിയന്ത്രണത്തിനു വേണ്ടി വാദിക്കുന്ന ആളുകള്‍ക്കൊക്കെ രണ്ടു മക്കള്‍ മാത്രമേയുള്ളുവോ? അവരൊക്കെ അവരുടെ മാതാപിതാക്കളുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ സന്താനമാണോ? അതല്ലയെങ്കില്‍, ഈ നിയമം നേരത്തെ ഉണ്ടായിരുന്നെങ്കില്‍ ഇതൊക്കെ പറയാന്‍ തങ്ങള്‍ ഉണ്ടാവുമായിരുന്നോ എന്ന ഏറ്റവും ലളിതമായ ഒരു ചിന്തയെങ്കിലും അവരുടെ മനസ്സില്‍ വരാത്തതെന്തേ?


പരമമായ ഒരു സത്യം കൂടി നാം മനസ്സിലാക്കണം, ജനനവും മരണവുമെല്ലാം പ്രാപഞ്ചിക വ്യവസ്ഥയുമായി ബന്ധപ്പെട്ട ദൈവതീരുമാങ്ങളാണ്. മനുഷ്യന്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചാലും വിജയിക്കുകയില്ല.


Tuesday, September 20, 2011

മലപ്പുറത്തെ ബസ്‌യാത്ര...

നിങ്ങള്‍ മലപ്പുറത്ത് പ്രൈവറ്റ് ബസ്സില്‍ യാത്ര ചെയ്തിട്ടുണ്ടോ?
പ്രത്യേകിച്ചു ഗ്രാമ പ്രദേശങ്ങളില്‍? മറ്റെവിടെയുമില്ലാത്ത ചില പ്രത്യേകതകളൊക്കെ അവിടെ കാണാം. അതിലേറ്റവും ശ്രദ്ധേയമായത് ടിക്കറ്റില്ലാതെ യാത്ര ചെയ്യാമെന്നാണ്. എന്ന് വിചാരിച്ചു കാശ് കൊടുക്കാതെ യാത്ര ചെയ്യാനൊന്നും പറ്റൂല്ല. കാശ് കൊടുക്കണം, പക്ഷെ ടിക്കറ്റ് കിട്ടൂല്ല എന്ന് മാത്രം. നിങ്ങള്‍ കാശ് കൊടുത്തതിനോ ബസ്സില്‍ യാത്ര ചെയ്തതിനോ ഒരു തെളിവുമില്ല. ടിക്കറ്റ്‌ പരിശോധന എന്ന ഒന്നില്ലേ എന്നൊന്നും നിങ്ങള്‍ ചോദിക്കരുത്. വര്‍ഷങ്ങളായി ഒരുപാട് ബസ് യാത്രകള്‍ നടത്തിയിട്ടുണ്ടവിടെ. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പ്രാവശ്യം മാത്രമാണ് ടിക്കറ്റ്‌ പരിശോധന എന്ന പ്രഹസനം കാണാന്‍ ‘ഭാഗ്യ’മുണ്ടായത്‌ . അതും നേരത്തെ വിവരം കിട്ടിയതനാല്‍ FA ബോക്സില്‍ തിരുകി വെച്ചിരുന്ന ടിക്കറ്റ്ബുക്ക്‌ എടുത്തു എല്ലാവര്ക്കും ദൃധിയില്‍ മുറിച്ചു കൊടുത്തു കഴിഞ്ഞിരുന്നു. വിത്യസ്ത ചാര്‍ജുകള്‍ നേരത്തെ തന്നെ എഴുതി വെച്ചിരുന്നതിനാല്‍ കുറഞ്ഞ സമയം കൊണ്ട് എല്ലാവര്ക്കും ടിക്കറ്റ്‌ വിതരണം ചെയ്യാന്‍ കഴിയുകയും ചെയ്തു. ആദ്യമായി ഒരു ബസ് ടിക്കറ്റ്‌ കിട്ടിയപ്പോൾ നല്ല സന്തോഷം തോന്നിയിരുന്നു, അതും നല്‍കിയതിനേക്കാള്‍ അധിക സംഖ്യക്കുള്ളതും! FA ബോക്സ്‌ എന്ന ഫസ്റ്റ്എയിഡ് ബോക്സില്‍ പഴയ തോര്‍ത്ത് മുണ്ട് മാത്രമല്ല ടിക്കറ്റ്‌ ബുക്കും സൂക്ഷിക്കാറുണ്ട് എന്നെനിക്കു മനസ്സിലായതും അന്നാണ്.

മലപ്പുറത്തുകാര്‍ക്ക് ബസ്സുകളുടെ മത്സര ഓട്ടം ഒരു ഹരം തന്നെയാണ്! പണ്ടത്തെ കാളപൂട്ട് മത്സരങ്ങളെ അതോര്‍മിപ്പിക്കും. മരണം കയ്യില്‍ പിടിച്ചുള്ള അത്തരം പാച്ചില്‍ യാത്രക്കാര്‍ക്ക് പ്രശ്നമില്ല എന്നതാണ് ഏറ്റവും കൌതുകകരം! കഴിഞ്ഞ വര്‍ഷത്തിലൊരിക്കല്‍ ഇത്തരം ഒരു യാത്രക്കിടെ ശക്തമായി ഒന്ന് പ്രതികരിക്കാന്‍ ഞാന്‍ ശ്രമിക്കുകയുണ്ടായി. പക്ഷെ, ഒരാളുടെ പോലും പിന്തുണ കിട്ടിയില്ല എന്ന് ബോധ്യമായപ്പോള്‍ മെല്ലെ പിന്മാറുകയാണ് ചെയ്തത്. പിന്നീട് ആ അബദ്ധം ഞാന്‍ ചെയ്തിട്ടില്ല. ഒരുപാടു ജീവനുകള്‍ കവര്‍ന്നു കഴിഞ്ഞിട്ടും, കോട്ടക്കല്‍ - മലപ്പുറം -മഞ്ചേരി റൂട്ടിലാണ്‌ ഏറ്റവും കൂടുതല്‍ ഇത്തരം മത്സര ഓട്ടങ്ങള്‍ നിര്‍ബാധം തുടരുന്നത്.

നാല് ചക്രത്തിലോടുന്ന യാത്രാബസ്സുകള്‍ ഇനിയും അവശേഷിക്കുന്നത് ആകെ മലപ്പുറത്തായിരിക്കും എന്ന് തോന്നുന്നു. കേരളത്തില്‍ അത്തരം ബസ്സുകള്‍ യാത്രക്കാരെ എടുക്കുന്നത് എന്നോ നിരോധിച്ചതാണ്. മാസങ്ങള്‍ക്ക് മുമ്പ്, നിരോധം മറികടന്നു മലപ്പുറത്ത് ഇത്തരം ബസ്സുകള്‍ ഓടുന്നതിന്റെ ഒരു ഇ൯വെസ്റ്റിഗേഷ൯ റിപ്പോര്‍ട്ട് ഒരു ചാനലില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നിയിരുന്നു. എന്നാലെങ്കിലും അവ റോട്ടില്‍ നിന്നും പി൯വലിക്കുമല്ലോ എന്ന് കരുതി. എന്നാല്‍ രണ്ടാഴ്ച മുമ്പും ഈയുള്ളവന് അത്തരം ബസ്സുകള്‍ യാത്രക്കാരുമായി മലപ്പുറം ജില്ലയില്‍ കാണാന്‍ ‘ഭാഗ്യ’മുണ്ടായി !



മലപ്പുറത്തെ 'നാലു'കാലികൾ !

Tuesday, December 28, 2010

സൂക്ഷിക്കുക! ഒളികാമറകൾ നിങ്ങളെ കാണുന്നുണ്ട്‌...

ആധുനിക / വിവര സാങ്കേതിക വിദ്യ കുതിച്ച്‌ മുന്നേറുകയാണ്. ആധുനികത എത്ര പുരോഗതി നേടുന്നുവോ അത്രയും നമ്മുടെ സ്വകാര്യത നഷ്ടപ്പെട്ട്‌ കൊണ്ടിരിക്കുകയാണ് അതിൽ പ്രധാന വില്ലനാണ് ഒളികാമറകൾ. പലർക്കും ഇതിനെ കുറിച്ച ശരിയായ ധാരണ ഇല്ലാത്തതിനാൽ തന്നെ അത്തരക്കാർ കെണികളിൽ വീഴാനുള്ള സാധ്യത ഏറെയാണ്. പലരും ഇത്തരം ചതിക്കുഴികളിൽ വീണ കാര്യം പോലും അറിയാറില്ലെന്നതാണു വാസ്തവം.

 മുമ്പൊരിക്കൽ കോഴിക്കോട്‌ ഒരു പ്രമുഖ ഹോട്ടലിൽ ഉണ്ടായ ഒളികാമറ വിവാദം ചിലരെങ്കിലും ഓർക്കുന്നുണ്ടാവും.നമ്മൾ മലയാളികൾക്കൊരു ‘ഗുണ’മുണ്ട്‌! എന്ത്‌ പ്രശ്നമുണ്ടാവുമ്പോഴും നന്നായി ഇടപെടും, വിവാദവും ചർച്ചയുമാക്കും... പത്രകോളങ്ങൾ നിറയും... ചാനലുകൾ പ്രത്യേക എക്സ്ക്ലൂസീവ്‌ പ്രോഗ്രാമുകളും ചർച്ചകളും സംഘടിപ്പിക്കും... പിന്നെ വളരെ പെട്ടന്ന് തന്നെ എല്ലാം മറക്കും, അടുത്ത വിവാദത്തിനായി കാതോർത്തിരിക്കും. ഏറെ കോലാഹലമുണ്ടാക്കിയ പല വിഷയങ്ങളുടേയും തുടർഗതി എന്തായി എന്നു പോലും ഇത്തരം എക്സ്ക്ലൂസീവ്‌ ആയി വാർത്തകൾ ജനങ്ങളിലേക്ക്‌ എത്തിച്ചവർ പോലും അന്വേഷിക്കാറില്ല. എന്ന് മാത്രമല്ല പലപ്പോഴും വിഷയങ്ങളുടെ മർമ്മ പ്രശ്നം ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണു വാസ്തവം. അന്നവിടെ അറസ്റ്റിലായ ഹോട്ടൽ ജീവനക്കാരൻ പിടിക്കപ്പെട്ടത്‌ തന്നെ അയാൾക്കു ഈ വിഷയത്തിലുള്ള പരിചയക്കുറവിന്റെയും പ്രൊഫഷണലിസത്തിന്റെയും കുറവ്‌ കാരണം കൊണ്ട് മാത്രമാണു എന്നറിയുക. മിക്കവാറും അയാൾ ഒരു തുടക്കക്കാരനോ അല്ലെങ്കിൽ സ്വയം ആസ്വാദനത്തിനു വേണ്ടി ചെയ്തതോ ആയിരിക്കാം. എന്നാൽ വളരെ പ്രൊഫഷണലായി, ആസൂത്രണത്തോടെ പ്രവർത്തിക്കുന്ന ശക്തമായ ഒരു മാഫിയ സംഘം ഈ രംഗത്തുണ്ട്‌ എന്നത്‌ നമ്മളറിയണം. ഇന്ന് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ‘ഉൽപന്ന’ങ്ങളിൽ ഒന്നാണ് പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും. ലക്ഷക്കണക്കിനു വരുന്ന സെക്സു വെബ്‌ സൈറ്റുകൾക്ക്‌ അവയുടെ ഉപഭോക്താക്കൾക്കു നൽകാൻ ദിനേന ലക്ഷക്കണക്കിൽ പുതിയ ഫോട്ടോകളും വീഡിയോ ക്‌ളിപ്പുകളും ആവശ്യമായുണ്ട്‌. അത്‌ സംഘടിപ്പിച്ച്‌ നൽകാൻ വേണ്ട ശക്തമായ നെറ്റ്‌വർക്ക്‌ സംവിധാനവും നിലവിലുണ്ട്‌. കാര്യമായ റിസ്ക്‌ ഇല്ല എന്നതും പിടിക്കപ്പെടാൻ സാദ്ധ്യത വളരെ കുറവാണ് എന്നതുമാണ് ഇത്തരം ‘ചിത്രകടത്തു’കാർക്കുള്ള നേട്ടം.

അന്ന് ഹോട്ടലിൽ മൊബൈൽ കാമറ ഉപയോഗിച്ചത്‌ കൊണ്ട്‌ മാത്രമാണ് പെൺകുട്ടിയുടെ ശ്രദ്ധയിൽ പെട്ടത്‌. എന്നാൽ മേൽപറഞ്ഞ പ്രൊഫഷണൽ സംഘങ്ങൾ ഉപയോഗിക്കുന്നത്‌ അത്യാധുനിക രീതിയിലുള്ള മൈക്രോ കാമറകളാണ്. ഒരിക്കൽ പോലും അവ നമ്മുടെ കണ്ണിൽ പെടില്ല. ആരുടെയും ശ്രദ്ധയിൽ പെടാതെ ദ്രശ്യങ്ങൾ പകർത്താൻ കഴിയുന്ന വിവിധയിനം കാമറകൾ ഇന്ന് ലഭ്യമാണ്. കാമറയുടെ ബോഡിയിൽ നിന്നും ലെൻസ്‌ വേർപ്പെടുത്തി വളരെ നേരിയ കേബിളുമായി ബന്ധിപ്പിക്കുന്ന കാമറയുടെ മൊട്ടുസൂചി വലുപ്പത്തിലുള്ള ലെൻസ്‌ മാത്രമെ പുറത്തേക്ക്‌ വെക്കേണ്ടതുള്ളൂ. അതു തന്നെ വെക്കുന്നത്‌ അലങ്കാര ലൈറ്റുകളുടെ കൂടെയോ മറ്റോ ആയിരിക്കും. ബാക്കി വരുന്ന കാബിളും ബോഡിയുമൊക്കെ സീലിങ്ങിന്റെയെ മറ്റോ പിന്നിലായിരിക്കും.
മേൽ പറഞ്ഞ സെക്സ്‌ മാഫിയ ആണ് രഹസ്യ കാമറകൾ കൂടുതലായി ഉപയോഗിക്കുന്നതെങ്കിലും രഹസ്യാന്വേഷണത്തിനും മാധ്യമ പ്രവർത്തനത്തിനും ചാരപ്രവർത്തനത്തിനും മറ്റും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്‌. കോട്ടിലും ടൈയിലും തൊപ്പിയിലും ബെൽറ്റിലും കഴുത്തിൽ തൂക്കിയിട്ട ടാഗിലും ഷർട്ടിന്റെ ബട്ടൻസിനു പകരമായും, കണ്ണടയിലും വാച്ചിലും പേനയിലും കീചെയിനിലും കാൽകുലേറ്ററിലും ചുമരിലെ ക്ലോക്കിലും ഘടിപ്പാക്കാവുന്നതും കാറിന്റെ റിമോട്ട്‌ എന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ളതും ഹെഡ്ഫോൺ രൂപത്തിലുള്ളതും തുടങ്ങി വിത്യസ്ത രൂപത്തിലുള്ളവ ലഭ്യമാണ്. രൂപത്തിൽ മൈക്രോ ആണെങ്കിലും ഉയർന്ന തരത്തിലുള്ള റെസലൂഷ്യനും നല്ല മെമ്മറി പവറുമൊക്കെയുള്ളവയായിരിക്കും ഇവ.

നാം സ്വയം സൂക്ഷിക്കുക എന്നത് മാത്രമാണു ഇതിനു പരിഹാരം. ടൂറിസ്റ്റ്‌ സ്ഥലങ്ങളിലാണ് ഇത്തരം സെക്സ്‌ മാഫിയകളുടെ ഒളികാമറകൾക്കു സാദ്ധ്യത കൂടുന്നതെന്നതിനാൽ അത്തരം സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. അത്തരം സ്ഥലങ്ങളിൽ ഹോട്ടലുകളിലും ലോഡ്ജിലുമൊക്കെ താമസിക്കുന്നതു പരമാവധി ഒഴിവാക്കുക. ഇനി താമസിക്കേണ്ടി വന്നാൽ തന്നെ ഒരു രഹസ്യ കാമറയിൽ എല്ലാം പകർത്തി കൊണ്ടിരിക്കുന്നു എന്നു തന്നെ കരുതി അതിനനുസരിച്ച്‌ പെരുമാറുക. ഇത്തരം സ്ഥലങ്ങളിൽ ഹണിമൂൺ ആഘോഷിക്കാൻ പോകുന്ന നവദമ്പതികൾ പ്രത്യേകം കരുതിയിരിക്കുക. അതേ പോലെ പൊതുസ്ഥലങ്ങളിൽ വെച്ചു ആർക്കെങ്കിലും നേരിട്ടോ മൊബൈൽ വഴിയോ രഹസ്യങ്ങൾ കൈമാറുമ്പോൾ ശ്രദ്ധിക്കുക. തീർത്തും അലക്ഷ്യമായി അടുത്ത്‌ നിൽക്കുന്ന ഒരാളുടെ ശരീരത്തിലെവിടെയോ ഒളിപ്പിച്ചു വെച്ച കാമറയിൽ എല്ലാം പകർത്തുന്നുണ്ടാവാം. മാന്യവേഷവും എക്സിക്യൂട്ടീവ്‌ സ്റ്റൈലിലുമൊക്കെ നടക്കുന്ന തട്ടിപ്പുകാരെ നമുക്കു തിരിച്ചറിയാൻ കഴിഞ്ഞു കൊള്ളണമെന്നില്ല.

ഏതാനും ചില അത്യധുനിക കാമറകളുടെ ചിത്രങ്ങൾ താഴെ നൽകുന്നു
















ഇതും കൂടി വായിക്കുക:





Saturday, December 18, 2010

നമുക്ക്‌ വേണോ ആഡംബര വീടുകൾ !

ഈ ചിത്രങ്ങൾ കാണുക. നമ്മുടെ ഇന്ത്യയിൽ, നമ്മെ പോലെയുള്ള മനുഷ്യർ താമസിക്കുന്ന ഏതാനും വീടുകളാണിത്‌. ഇത്‌ പോലുമില്ലാതെ മരത്തണലിലും കടത്തിണ്ണകളിലും മക്കളുമൊത്ത്‌ കഴിയുന്ന എത്രയോ കുടുംബങ്ങളുണ്ട്‌.












എന്നാൽ നമ്മുടെയൊക്കെ അവസ്ഥയോ?
കണ്ണൂർ ജില്ലക്കാരനായ ഒരു സുഹൃത്തുമായി സൗഹൃദ സംഭാഷണത്തിനിടെ, അദ്ധേഹത്തിന്റെ വീട്‌ പണിയെ കുറിച്ച്‌ അന്വേഷിച്ചു. അദ്ധേഹം പറഞ്ഞു: “ഏറെക്കുറെ പണികളൊക്കെ തീർന്നു. ഇനി മിനുക്ക്‌ പണികൾ മാത്രമാണ് ബാക്കി. അതിനിനിയും ചുരുങ്ങിയത്‌ 20 ലക്ഷം രൂപയെങ്കിലും കാണണം...” സത്യത്തിൽ എന്റെ കണ്ണു തള്ളിപ്പോയി. മിനുക്ക്‌ പണികൾക്ക്‌ മാത്രം 20 ലക്ഷം രൂപ വേണമെങ്കിൽ വീടിന്റെ മൊത്തം ചെലവും വലുപ്പവും ഞാൻ മനസ്സിൽ ഊഹിച്ചു. ഒരു ഉദാഹരണം എന്ന നിലയിലാണ് ഈ സംഭവം ഉദ്ധരിച്ചത്‌. കേരളത്തിൽ അങ്ങോളമിങ്ങോളം, പ്രത്യേകിച്ചും വടക്കൻ ജില്ലകളിൽ നമുക്കിത്‌ വ്യകതമായി കാണാം.

പലപ്പോഴും ആവശ്യങ്ങളെക്കാളുപരി, പൊങ്ങച്ച പ്രകടനത്തിനു വേണ്ടിയാണ് കൊട്ടാര സദ്രശമായ വീടുണ്ടാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത് എന്നതാണ് സത്യം. ഒന്നോ രണ്ടോ മക്കൾ മാത്രമുള്ള ചെറിയ കുടുംങ്ങൾ പോലും ഇത്തരം സൗധങ്ങൾ നിർമിക്കുന്നത്‌ നമുക്ക്‌ കാണാം.

“ധൂർത്തന്മാർ പിശാചുക്കളുടെ സഹോദരങ്ങളാണ്” എന്ന് പഠിപ്പിക്കപ്പെട്ട മുസ്ലിം സമൂഹത്തിലാണ് ഈ പ്രവണത കൂടുതൽ എന്നതാണ് വിചിത്രം. ആഡംബര വീടുകളെ ന്യായീകരിച്ച്‌ കൊണ്ട്‌ ചിലർ പറയുന്നത്‌, ദൈവം തന്ന അനുഗ്രഹങ്ങൾ നമ്മൾ പ്രദർശിപ്പിക്കുന്നത്‌ നല്ലതല്ലേ എന്നതാണ്!

എന്നാൽ വളരെ ആയാസകരമായി ഇത്തരം വീടുകൾ നിർമിക്കാൻ കഴിവുള്ളവർ മാത്രമാണ് അങ്ങിനെ ചെയ്യുന്നത്‌ എന്നത്‌ ശരിയല്ല, എന്നല്ല വളരെ ചുരുക്കം പേർക്കേ അതിനു കഴിയാറുള്ളൂ. പലപ്പൊഴും ഭീമമായ സംഖ്യകൾ കടം വാങ്ങിയാണ് അങ്ങിനെ ചെയ്യാറുള്ളത്‌ എന്നതാണു വാസ്തവം. എന്റെ ജില്ലക്കാരൻ തന്നെയായ ഒരു സുഹൃത്ത്‌ ഒരുദാഹരണമാൺ. ദുബൈയിൽ ഒരു കമ്പനിയിൽ പത്തു വർഷത്തിലധികം പ്രയാസപ്പെട്ട്‌ സമ്പാദിച്ചത്‌ മാത്രമല്ല ഭാവിയിൽ ഇനി അഞ്ചാറു വർഷം കൂടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന ശമ്പളത്തിന്റെ കണക്കിനനുസരിച്ച്‌ കടങ്ങളും കൂട്ടുകാരിൽ നിന്നും ഒപ്പിച്ചു കൊട്ടാര സദ്രശമായ ഒരു വീടുണ്ടാക്കി. ഇന്നിപ്പൊൾ സാമ്പത്തിക മാന്ദ്യം കാരണം ഉള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും വെട്ടിക്കുറക്കുകയും ചെയതതിനാൽ ഭീമമായ കടങ്ങൾ എന്ന് എങ്ങിനെ വീട്ടാൻ കഴിയും എന്നറിയാതെ വിഷമിക്കുകായാൺ മൂപ്പരിപ്പോൾ.

ഇനി സാമ്പത്തിക സൗകര്യങ്ങളും മറ്റും ഉണ്ട്‌ എന്ന് വെച്ചാലും ആവശ്യത്തിലധികം, പൊങ്ങച്ചം പ്രകടിപ്പിച്ച്‌ കൊണ്ടുള്ള ആഡംബര സൗധങ്ങൾ നിർമിക്കുന്നതിനെ എങ്ങിനെ ന്യായീകരിക്കാനാവും? ഒരു കൊച്ചു കൂര സ്വപ്നം കാണാൻ പോലും കഴിയാതെ മക്കളുമായി കടത്തിണ്ണകളിലും മരത്തണലുകളിലും കഴിയുന്ന അനേകമാളുകൾ ഉണ്ടായിരിക്കെ! നന്നായി ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്ത എത്രയോ ആയിരങ്ങൾ, ചികിൽസിക്കാൻ വകയില്ലാതെ വേദനകളും പേറി നടക്കുന്ന എത്രയോ രോഗികൾ നമുക്കു ചുറ്റുമുണ്ട്‌. അത്തരക്കാർക്കൊക്കെ കഴിയുന്ന രീതിയിൽ ആശ്വാസം നൽകിക്കൊണ്ടാണ് ദൈവം നമുക്ക്‌ നൽകിയ അനുഗ്രഹങ്ങൾക്ക്‌ നന്ദി കാണിക്കേണ്ടത്‌.

ഏത്‌ കൂറ്റൻ ബംഗ്‌ളാവിൽ കഴിഞ്ഞാലും അവസാനം എല്ലാവർക്കും പോവേണ്ടത്‌ ഒരേ വലുപ്പമുള്ള ഭവനത്തിലേക്കാണു എന്നത്‌ നമ്മൾ ഓർക്കേണ്ടതുണ്ട്‌.

Wednesday, December 8, 2010

മാതാപിതാക്കൾ ശല്യമാവുമ്പോൾ !

ഇത്‌ ഒരു ഒറ്റപ്പെട്ട വാർത്തയായിരിക്കാം. എന്നാലും നമ്മുടെ കേരളത്തിലും ഇങ്ങിനെയൊക്കെ തുടങ്ങിക്കഴിഞ്ഞല്ലോ എന്നോർക്കുമ്പോൾ സത്യത്തിൽ സങ്കടം തോന്നുന്നു. പലർക്കും മാതാപിതാക്കൾ ‘ശല്യം’ ആയി തുടങ്ങിയിരിക്കുന്നു എന്നത്‌ ഒരു യാഥാർത്ഥ്യമാണു, പുറത്തേക്കു പ്രകടമാകില്ലെങ്കിലും. കൂടി വരുന്ന വ്രദ്ധ സദനങ്ങൾ ഇതിന്റെ ഒരു തെളിവാണല്ലോ. നൊന്ത്‌ പ്രസവിച്ചു പോറ്റി വളർത്തിയ സ്വന്തം അമ്മയോട്‌ ഇങ്ങിനെയൊക്കെ ചെയ്യാൻ കഴിയുമോ?

മക്കൾക്ക്‌ ആവശ്യത്തിലധികം സുഖ സൗകര്യങ്ങൾ നൽകി ഓമനിച്ച്‌ വളർത്തുന്നതിനപ്പുറം ആവശ്യമായ ധാർമിക ബോധങ്ങൾ നൽകുക എന്നതാണു ഇതിനു പരിഹാരം.